ചെറുതോണി: ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത ചെണ്ടുമല്ലി കാലാവസ്ഥാ വ്യതിയാനത്താൽ വൈകി പൂവിട്ടതിനാൽ വിപണി കണ്ടെത്താനാവാതെ കർഷകർ. കിലോകണക്കിന് ചെണ്ടുമല്ലികൾ പൂത്തുലഞ്ഞ് നിൽക്കുന്നത് കാണാൻ മനോഹരമെങ്കിലും കർഷകരുടെ മനസിൽ തീയാണ്.
പൂക്കൾക്ക് ആവശ്യക്കാരില്ലാത്തതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. തമിഴ്നാട്ടിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പൂക്കൾക്ക് കേരള വിപണിയിൽ വലിയ ഡിമാൻഡാണ്. എന്നാൽ പ്രാദേശികമായി ജൈവരീതിയിൽ കൃഷി ചെയ്തെടുക്കുന്ന പൂക്കൾക്ക് അതേ സ്വീകാര്യത ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
കേരളത്തിന്റെ കാലാവസ്ഥയിൽ ചെണ്ടുമല്ലി ഉൾപ്പെടെയുള്ള പൂകൃഷി വിജയകരമായി നടത്താൻ കഴിയുമെന്ന് കർഷകർ തെളിയിച്ചിരിക്കുകയാണ്. പൂകൃഷി വിജയമാണെങ്കിലും ആവശ്യമായ വിപണി ഇല്ലാത്തതാണ് പ്രധാന പ്രശ്നം.
വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസിനു സമീപം പൂത്തുലഞ്ഞു നിൽക്കുന്ന "തണൽ' കർഷക സംഘത്തിന്റെ ചെണ്ടുമല്ലിത്തോട്ടം ഇപ്പോൾ നാട്ടുകാരുടെ സെൽഫി പോയിന്റാണ്.
ഹരിതാരവം പദ്ധതിയുടെ ഭാഗമായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നൽകിയ ചെണ്ടുമല്ലി തൈകളാണ് ഇവർ കൃഷി ചെയ്തത്. നല്ല വിളവാണ് ലഭിച്ചത്. അതിൽ സന്തോഷമുണ്ടെങ്കിലും പൂക്കൾ വിറ്റഴിക്കാനാകാത്തതിന്റെ വേദനയാണ് കർഷകരുടെ മുഖത്ത്. വിപണിയുണ്ടായാൽ മികച്ച രീതിയിൽ ചെണ്ടുമല്ലി കൃഷി ചെയ്യാനാകുമെന്ന് കർഷകർ പറയുന്നു.